LatestLatest UpdatesSports

‘ഓപ്പണര്‍ സ്ഥാനത്തുനിന്ന് അവനെ മാറ്റരുത്’

‘ഓപ്പണര്‍ സ്ഥാനത്തുനിന്ന് അവനെ മാറ്റരുത്’, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

വാംഖഡെയിൽ മഞ്ഞുവീഴ്ച വലിയൊരു ഘടകമാണ്. അവിടെ ഒരു അധിക സ്പിന്നറെ കളിപ്പിക്കുക സാധ്യമല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വരുൺ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത് എന്നത് ശരിയാണ്.

മുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തരുതെന്ന് മുൻ താരം ആകാശ് ചോപ്ര. ഓപ്പണര്‍ സ്ഥാനത്ത് അഭിഷേക് ശര്‍മയെ നിലനിര്‍ത്തണമെന്ന് വ്യക്തമാക്കിയ ആകാശ് ചോപ്ര സ്പിൻ നിരയിൽ വരുൺ ചക്രവർത്തിയെ മാറ്റി കുൽദീപിനെ കൊണ്ടുവരണമെന്ന നിര്‍ദേശത്തെയും എതിര്‍ത്തു.ഇംഗ്ലീഷ് ബാറ്റർമാർക്ക് റിസ്റ്റ് സ്പിന്നിനെതിരെ ദൗർബല്യമുണ്ടെങ്കിലും വരുൺ ചക്രവർത്തിയെ പുറത്തിരുത്തുന്നത് ബുദ്ധിയല്ലെന്ന് ചോപ്ര പറഞ്ഞു.

വാംഖഡെയിൽ മഞ്ഞുവീഴ്ച വലിയൊരു ഘടകമാണ്. അവിടെ ഒരു അധിക സ്പിന്നറെ കളിപ്പിക്കുക സാധ്യമല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വരുൺ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത് എന്നത് ശരിയാണ്. എങ്കിലും അദ്ദേഹം ഇപ്പോഴും ടി20 റാങ്കിംഗിൽ ഒന്നാമനാണ്. മികച്ച താരങ്ങൾക്ക് എങ്ങനെ തിരിച്ചുവരണമെന്ന് അറിയാം. സെമി പോലുള്ള ഒരു നോക്കൗട്ട് മത്സരത്തിൽ ഞാനാണെങ്കില്‍ പ്രധാന താരങ്ങളെ വിശ്വസിക്കും- ചോപ്ര പറഞ്ഞു.

ഈ ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ വരുൺ വീഴ്ത്തിയിട്ടുണ്ട്. അതേസമയം കുൽദീപ് യാദവ് പാകിസ്ഥാനെതിരായ മത്സരത്തിൽ മാത്രമാണ് കളിച്ചത്. യുവ ഓപ്പണർ അഭിഷേക് ശർമ്മയെ മാറ്റണമെന്ന ആവശ്യത്തെയും ചോപ്ര എതിർത്തു. അഭിഷേക് ഒരു ‘സ്ലോഗർ’ മാത്രമാണെന്ന മുന്ർ പാക് താരം മുഹമ്മദ് അമീറിന്‍റെ പ്രസ്താവനയോടും ചോപ്ര വിയോജിച്ചു.

അഭിഷേക് വെറുമൊരു സ്ലോഗറല്ല. സ്ലോഗർമാർ സാധാരണയായി ലെഗ് സൈഡിലേക്കാണ് അടിക്കുക. എന്നാൽ അഭിഷേക് ഓഫ് സൈഡിലും സ്ട്രെയ്റ്റ് ഷോട്ടുകളും മനോഹരമായി കളിക്കും. കൃത്യമായ ടെക്നിക് ഇല്ലാതെ അത്തരം ഷോട്ടുകൾ കളിക്കാനാവില്ല. ഈ ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം നേടിയ 135 റൺസ് ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്, ചോപ്ര കൂട്ടിച്ചേർത്തു. മറ്റ് ടീമുകൾ അഭിഷേകിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെ ഭയപ്പെടുന്നുണ്ടെന്നും അതിനാൽ ഓപ്പണിംഗിൽ മാറ്റം വരുത്തേണ്ടതില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *