സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി; സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കുംയുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ചരിത്രപരമായ മാറ്റങ്ങള്
സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് സ്ത്രീസൗഹൃദപരമായ ഈ സുപ്രധാന തീരുമാനം ഗവര്‍ണര്‍ നിയമസഭയെ അറിയിച്ചത്. ഇതിനൊപ്പം സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് ആറ് മാസത്തെ പ്രസവ അവധി നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും നയരേഖയിലുണ്ട്.
വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉടനീളം നിഴലിച്ചു നിന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ ആസ്ഥാനങ്ങളാക്കി മാറ്റും. ഇതിനൊപ്പം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് തടസ്സമില്ലാത്ത സാഹചര്യം ഉറപ്പാക്കുമെന്നും ഗവര്‍ണറുടെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു
യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്.
സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.
25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.
ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐടി വകുപ്പ് ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
