ദേവി വിളിച്ചു, പൊങ്കാലയിട്ടു; ആദ്യ പൊങ്കാലസമർപ്പണത്തിനെത്തി അന്ന രാജൻ
ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിച്ച് നടി അന്ന രാജൻ. ഇത് ആദ്യമായാണ് നടി പൊങ്കാലയിടുന്നത്. ഒരുപാട് വർഷങ്ങളായി ആഗ്രഹിക്കുന്നതാണെന്നും ഇപ്പോഴാണ് ദേവിയുടെ വിളി വന്നതെന്നും അന്ന പറഞ്ഞു.
‘‘കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാൻ പറ്റിയില്ല. ഈ വർഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാൻ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റിവ് ഫീൽ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്.

ഇന്നിപ്പോൾ ഞാനും അതിന്റെ ഭാഗമായതിൽ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ.’’അന്ന രാജൻ പറഞ്ഞു.
നിരവധി പ്രമുഖരാണ് പൊങ്കാലയർപ്പിക്കാനെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ഭാര്യ ലോക്ഭവനു മുന്നില്‍ പൊങ്കാല അര്‍പ്പിച്ചു. ഗവര്‍ണറും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വി.ഡി. സതീശന്റെ മകള്‍ ഉണ്ണിമായയും സഹോദരി ആശയും പൊങ്കാലയര്‍പ്പിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ രാധിക പൊങ്കാല അര്‍പ്പിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ബിജെപി നേതാവ് ശോഭ കരന്തലജ പൊങ്കാല അര്‍പ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കോണ്‍ഗ്രസ് നേതാവുമായ ദീപ്തി മേരി വര്‍ഗീസും പൊങ്കാല അര്‍പ്പിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷിന്റെ വസതിയിലായിരുന്നു ഇരുവരും പൊങ്കാലയിട്ടത്. യുഡിഎഫിന് അധികാരത്തിലെത്താന്‍ അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് തന്റെ പൊങ്കാലയെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു.
ചലച്ചിത്ര സംവിധായകന് ഷാജി കൈലാസിന്റെ ഭാര്യ ചിത്ര ഇത്തവണയും ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. ഷാജി കൈലാസിന്റെ വീട്ടിലായിരുന്നു പൊങ്കാല. പതിനഞ്ച് മണ്കലങ്ങളില് ഷാജി കൈലാസിന്റെ സുഹൃത്തുക്കളുടെ ഭാര്യമാരും പൊങ്കാലയില്‍ പങ്ക് ചേര്‍ന്നു. നിര്‍മ്മാതാവ് ആല്വിന് ആന്റണിയും ഷാജി കൈലാസിന്റെ വീട്ടില്‍ എത്തിയിരുന്നു.
തന്റെ പുതിയ ചിത്രമായ വരവ് സിനിമയുടെ വിജയത്തിന് വേണ്ടി പൊങ്കാല അര്‍പ്പിച്ചുവെന്ന് ഷാജി കൈലാസും ചിത്രയും പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാലും പൊങ്കാല അര്‍പ്പിക്കാനെത്തിയിരുന്നു.
പത്മജയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു പൊങ്കാല അര്‍പ്പിച്ചത്. അച്ഛന് ജീവിച്ചിരുന്ന കാലം മുതല്‍ വീട്ടില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാല അര്‍പ്പിച്ച് വന്നിരുന്നുവെന്ന് പത്മജ പറഞ്ഞു.
